Wednesday, November 18, 2009
ഗാന്ധിയാണോ, രാജീവ്‌ഗാന്ധിയാണോ...
ഗാന്ധിയാണോ, രാജീവ്‌ഗാന്ധിയാണോ, ഇ.എം.എസ്സാണോ വികേന്ദ്രീകരണത്തിന്റെ അപ്പോസ്‌തലെന്ന ചര്‍ച്ച ചാലരികു മുതല്‍ ചാനല്‍ റൂമുവരെ നീളുമ്പോള്‍ മുന്‍കൈ നേടാറുള്ളത്, അതിന്റെ പ്രായോഗികത കേരളത്തില്‍ നടപ്പിക്കിയെന്ന് അവകാശപ്പെടുന്ന സി.പി.എം. തന്നെ. എന്നാല്‍ ജനകീയാസൂത്രണമെന്ന വികേന്ദ്രീകരണ വികസന സമീപനത്തെ എത്രത്തോളം അഴിമതി നിറഞ്ഞതും അധികാരകേന്ദ്രീകൃതമാക്കുകയുമാണ് അവര്‍ ചെയ്‌തത്. എല്ലാ കാലത്തും ജനങ്ങള്‍ക്കുമേല്‍ അധികാരം സ്ഥാപിക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞെടുക്കാനായിരുന്നു എന്നും അവര്‍ക്ക് താല്‍പര്യം. അതിനായി മാത്രമുള്ള മുഖംമൂടികള്‍ മാത്രമായിരുന്നു ചില " ഭിക്ഷ നല്‍കല്‍ "ഏര്‍പ്പാടുകള്‍.
"തദ്ദേശ സ്വയംഭരണ " (എത്ര മനോഹരമായ പേര്) തെരഞ്ഞെടുപ്പുകള്‍ അടുത്ത വേളയില്‍. അധികാരമുറപ്പിക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടിരിക്കുകയാണ് അധികാര രാഷ്ട്രീയ കമ്മ്യൂണിസ്‌റ്റുകള്‍. കോഴിക്കോട് കോര്‍പ്പറേഷന്‍ കൂറേ വര്‍ഷങ്ങളായി ഭരിച്ചുകൊണ്ടിരിക്കുന്നത് എല്‍ഡിഎഫാണ്. ജനതാദള്‍ അടക്കമുള്ള ചില കക്ഷികള്‍ ഇടഞ്ഞുപോയ സാഹചര്യത്തില്‍ ചെറിയൊരു ഭയപ്പാട് ഇവരെ ഇവിടെ ബാധിച്ചുകഴിഞ്ഞു.
എല്‍ഡിഎഫ് ഭരിച്ചുകൊണ്ടിരിക്കുന്ന ഒളവണ്ണ, ബേപ്പൂര്‍, എലത്തുര്‍ പഞ്ചായത്തുകള്‍ അതേപടി വിഴുങ്ങി കോര്‍പ്പറേഷനോട് ചേര്‍ക്കാനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. വികസനത്തിനായി വികേന്ദ്രീകരണം എന്ന മുദ്രാവാക്യം സഖാക്കളെ നോക്കി കൊഞ്ഞനം കുത്തുന്നു.
ഒരു കോര്‍പ്പറേഷന്‍ ഭരണം എന്നത് ചില്ലറ കാര്യമല്ല. ഇന്ത്യാ രാജ്യം ഭരിക്കാന്‍ വേണ്ട, കോഴിക്കോട് കോര്‍പ്പറേഷന്‍ മതി എന്ന് പോക്കറ്റിലെ പണം കിലുക്കി ചില ഇത്തിക്കണ്ണി സഖാക്കള്‍ പറയാന്‍ കാരണം മറ്റൊന്നല്ല. ഇതിനായി ത്യാഗം ചെയ്യേണ്ടി വരുന്നത് ഗ്രാമപ്രദേശങ്ങളിലെ ദരിദ്ര ജനസമൂഹവും. അയല്‍പക്കത്തുണ്ടായിരുന്ന പഞ്ചായത്താഫീസില്‍ ചെന്ന് എളുപ്പത്തില്‍ സാധിച്ചെടുക്കാമായിരുന്ന ഏതൊരു കാര്യവും കിലോമീറ്ററുകള്‍ താണ്ടി കോഴിക്കോട് ബീച്ച് റോഡിലെ കോര്‍പ്പറേഷന്‍ ഏമാന്‍മാരുടെ മുമ്പില്‍ ഓച്ചാനിക്കേണ്ട അവസ്ഥ ദയനീയം തന്നെ. അതിനെതിരായുള്ള എല്ലാ മുറുമുറുപ്പുകളേയും പാര്‍ട്ടി ഭടന്‍മാര്‍ ഒതുക്കിക്കൊള്ളും.
Subscribe to:
Post Comments (Atom)

No comments:
Post a Comment