Thursday, June 4, 2009

ജെ.സി.ബി.ക്കും അഴിക്കോടിനും ഒരേ വാടക


മുമ്പൊക്കെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ജനപക്ഷത്തു നിന്നുകൊണ്ട്‌ ഭരണാധികാരികളെ രൂക്ഷമായി വിമര്‍ശിക്കാറുണ്ടായിരുന്നു. നന്മയുടേയും നീതിബോധത്തിന്റേയും പിന്‍ബലത്തോടെയായിരുന്നു ഇതൊക്കെ. എന്നാല്‍ ഇന്ന്‌ കമ്മ്യൂണിസ്‌റ്റ്‌ കുഞ്ഞഹമ്മദ്‌, കമ്മ്യൂണിസ്‌്‌റ്റ്‌ വിരുദ്ധന്‍ എം.മുകുന്ദന്‍ തുടങ്ങി ഗാന്ധിസ്‌റ്റ്‌ അഴിക്കോട്‌ (ജെ.സി.ബി.ക്കും അഴിക്കോടിനും ഒരേ വാടകയെന്നത്‌ ഒരു കോഴിക്കോടന്‍ ചൊല്ല്‌) വരെയുള്ളവരായ കക്ഷിരാഷ്ട്രീയമൂടു താങ്ങികളായ സാംസ്‌കാരികപ്രവര്‍ത്തകര്‍ വി.എസ്‌. അച്യുതാനന്ദന്‍ എന്ന മുഖ്യമന്ത്രിയെ ചീമുട്ടയെറിയുന്നത്‌ ജനപക്ഷത്തു നിന്നുകൊണ്ടാണോ ? അങ്ങിനെയല്ലതെന്നും പിണറായിപക്ഷത്തുനിന്നുള്ള അളിഞ്ഞ ഒരു രാഷ്ട്രീയ പ്രയോഗമാണിതെന്നും ജനം ഒറ്റയടിക്കു പറയും. കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പിലൂടെ ജനം അത്‌ തെളിയിക്കുകയും ചെയ്‌തു.

പിണറായി പ്രതിനിധീകരിക്കുന്ന ഒരു വിഭാഗവും അച്യൂതാനന്ദന്‍ എന്ന വ്യക്തി ഉയര്‍ത്തുന്ന നിലപാടുകളും തമ്മിലുള്ള എറ്റുമുട്ടലുകള്‍, ചിരികളായും, മുള്ളുള്ള മൗനമായും അട്ടഹാസങ്ങളായും ചുമരെഴുത്തുകളുമായി വര്‍ത്തമാനകാല മലയാളി വായിച്ചുകൊണ്ടിരിക്കുന്നു.

അധികാരത്തോട്‌ ഒട്ടി നില്‍ക്കാനുള്ള വ്യാഗ്രതയുടെ ഭാഗമായുള്ള രാഷ്ടീയ അടിയൊഴുക്കുകളെന്ന്‌ ഇവയെയൊക്കെയെന്ന്‌ സാമാന്യവല്‍ക്കരിക്കാനും കഴിയില്ല. ഇതൊരു നിസ്സാര കാര്യമല്ല. ഒരു ഉന്നത ദര്‍ശനം പ്രയോഗത്തിലൂടെ പരാജയം തെളിയിച്ചിട്ടും. കടുകട്ടിയായ ഘടന സൂക്ഷിക്കുന്ന ഒരു അധികാരസ്ഥാപനമായി നിലനിന്നുപോന്നിരുന്ന ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കകത്തും പുറത്തുമായി, അകം പൊളിക്കുന്ന ചില ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നു എന്നുവേണം ഊഹിക്കാന്‍. കടലിലിട്ട കല്ലിന്റെ ഓളങ്ങള്‍ പതുക്കെയാണ്‌ കരയിലെത്തുന്നതെന്നുമാത്രം. കമ്മ്യൂണിസ്‌റ്റ്‌ ഇന്റര്‍നാഷണല്‍ പിരിച്ചുവിട്ടിട്ടും കാലങ്ങളേറെ കഴിഞ്ഞാണല്ലൊ സോവിയറ്റുയുണിയന്‍ പിരിച്ചുവിടുന്നത്‌. സമൂഹത്തിന്റെ മേല്‍ ഭാരമായി തീര്‍ന്നത്‌ അടര്‍ന്നുവീഴുന്നത്‌ വളരെ പതുക്കേയാവാം. അങ്ങിനെയൊരു അടര്‍ന്നുവീഴ്‌ചതന്നെയാണോ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്‌ ?

സ്വാഭാവികമായും ഏറ്റുപറച്ചിലുകള്‍ വേണ്ടി വരും. അത്തരം ഏറ്റു പറച്ചിലുകള്‍ക്ക്‌ എളുപ്പവഴിയായി, കേരളത്തില്‍ കമ്മ്യൂണിസ്‌റ്റുകള്‍ ചെയ്‌തുകൂട്ടിയ പാപങ്ങളെല്ലാം
ഇങ്ങിനെ ഒരു ആള്‍രൂപത്തിലേക്ക്‌ ആവാഹിച്ച്‌ തടി ഊരാനുള്ള തത്രപ്പാടിലാണ്‌ പാര്‍ട്ടിയും പിണറായിഭക്തരും.

പിണറായി പാര്‍ട്ടിയെ മാറാന്‍ പ്രേരിപ്പിക്കുന്നുവെന്നോ, ആധുനികവല്‍ക്കരിക്കുന്നുവെന്നോ ആരെങ്കിലും പറഞ്ഞാല്‍ അതൊട്ടും ശരിയാവില്ലതാനും. പാര്‍ലിമെന്റററി ജനാധിപത്യത്തിന്റെ ചക്കരക്കുടത്തില്‍ കൈയ്യിട്ടുമാന്തിയ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍, വലതുപക്ഷത്തെപോല തന്നെ ആ ചക്കരക്കുടത്തിലേക്കുള്ള കോണിപ്പടകളായി മതത്തേയും, ജാതിയേയും സ്വജനപക്ഷപാതങ്ങളേയും ഉപയോഗപ്പെടുത്തിയിരുന്നു. വളരെ കഴിഞ്ഞ്‌ പുനരാലോചനകങ്ങളും വരാറുണ്ടായിരുന്നു. അങ്ങിനെയാണ്‌ ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാട്‌ വളര്‍ത്തി വലുതാക്കിയ ഇന്ത്യന്‍യൂണിയന്‍ മുസ്ലിംലീഗിനെ പിന്നീട്‌ മൂപ്പര്‌ ജീവിച്ചിരിക്കുമ്പോള്‍ തന്നെ പടിക്കു പുറത്താക്കി പിണ്ഡം വെച്ചത്‌. അങ്ങിനെ വെച്ച പിണ്ഡം സ്വയമേറ്റെടുത്തു വിഴുങ്ങണമെന്ന്‌ ശാഢ്യംപിടിച്ച്‌ രേഖ ചമച്ചിരുന്നു പണ്ട്‌ എം.വി. രാഘവനും പിണറായി വിജയനും കൂട്ടരും. അവിടെയേയും സാമര്‍ത്ഥ്യമേറെ കാണിച്ച പിണറായി പാര്‍ട്ടിയിലും എം.വി.ആര്‍ പാര്‍ട്ടിക്ക്‌ വെളിയിലുമായി.എന്നാല്‍ പിണറായിയും കൂട്ടരും നിലപാടുകളില്‍ യാതൊരു മാറ്റവുമില്ലാതെ കുഴിയാനകളെപോലെ അവസരം കാത്തിരിക്കാന്‍ കുഴികള്‍ നിര്‍മ്മിച്ചികൊണ്ടേയിരുന്നു. കോഴിക്കോട്‌ ഐസ്‌ക്രീം പാര്‍ലറിലേക്ക്‌ കോണിപ്പടികള്‍ ഇറക്കി വെച്ചത്‌ അങ്ങിനെയാണ്‌. ഇരുതലമൂര്‍ച്ചയുള്ള ആ വാള്‍പ്രയോഗത്തില്‍, പാര്‍ട്ടിക്ക്‌ താല്‍ക്കാലിക ലാഭം മാത്രമേ നേടാന്‍ കഴിഞ്ഞുള്ളു.

പിണറായിയുണ്ടോ വിടുന്നു. മലപ്പുറത്ത്‌ സംസ്ഥാന സമ്മേളനം വെച്ച്‌ മുസ്‌്‌ലിംലീഗിതരരേയും ചില ലീഗുകാരേയും കൂടെ കൂട്ടി ചക്കരക്കുടത്തിലേക്കുള്ള കോണപ്പടികള്‍ പുതുക്കുപണിയാന്‍ ശ്രമിച്ച്‌ കുറെയൊക്കെ വിജയിച്ചു. ഇതിനിടയിലൊക്കെ പാര്‍ട്ടിക്കുള്ളത്‌ പാര്‍ട്ടിക്കും പിണറായിക്കുള്ളത്‌ പിണറായിക്കും ഉണ്ടാക്കി കഴിഞ്ഞിരുന്നു. ധാര്‍ഷ്ട്യങ്ങളും കുതന്ത്രങ്ങളും നിലനിര്‍ത്തിക്കൊണ്ടു തന്നെ "ഉല്‍പതിഷ്‌ണുക്കള്‍" എന്ന മുഖംമൂടി ധരിച്ച്‌ ചക്കരക്കയ്യുകള്‍ നക്കിക്കൊണ്ടേയിരുന്നു. കുഴിയാനകുഴികള്‍ അധികാരത്തിന്റെ കൂടാരങ്ങളായി, മനോരമ മുത്തശ്ശി "മിന്നല്‍ പിണറായി" എന്ന്‌ ലീഡെഴുതി. പിന്നീട്‌ ഈ തന്ത്രം കോട്ടയത്തു പയറ്റി അച്ചായന്‍മാരെ വശത്താക്കാനുള്ള തന്ത്രങ്ങള്‍ അമ്പേ പരാജയപ്പെടുത്തിയത്‌ സ്വന്തം പക്ഷക്കാരു തന്നെ. ധ്യാനകേന്ദ്രങ്ങളെ പുകഴ്‌ത്തിയതും ളോഹകാരെ പൊക്കിപ്പിടിച്ചതുമൊക്കെ വെറുതെയായി. പിന്നെ, പിണറായി പൊന്നാനിയില്‍ പോയി (തോറ്റു) തൊപ്പിയിട്ടപ്പോഴാണ്‌ പാര്‍ട്ടിക്ക്‌ അല്‍പമെങ്കിലും കാര്യങ്ങള്‍ `കൗതിരിഞ്ഞത്‌ " എന്നു തോന്നുന്നു.