Thursday, February 26, 2009

"ക്രൈം നന്ദകുമാര്‍ മുഖ്യമന്ത്രിയാവണം"


കേരളീയനെ പോലെ ഇത്രയും രാഷ്ട്രീയ ജാഗ്രതയുള്ള മറ്റൊരു ജനസമൂഹം ലോകത്ത്‌ മറ്റൊന്നു കാണാന്‍ സാദ്ധ്യതയില്ല. സാഹിത്യം, സാംസ്‌കാരികം, മതം തുടങ്ങി എല്ലാ മേഘകളേയും രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി മാത്രമെ മലയാളിക്ക്‌ സംസാരിക്കാന്‍ കഴിയൂ. പ്രാതലില്ലെങ്കിലും പത്രം വായിക്കുന്ന മലയാളി അങ്ങിനെ സംസാരിച്ചില്ലെങ്കിലല്ലെ അതിശയമുള്ളൂ.

എന്നാല്‍ എല്ലാ വാര്‍ത്തകളും മലയാളി അറിയുന്നില്ലതാനും. ഏതെങ്കിലും കൊസ്രാകൊള്ളികളോ കുതറ വിദ്വാന്‍മാരോ വിളിച്ചുകൂവുന്നതുവരെ, കണ്ട്‌ കണ്ട്‌ കേരള രാഷ്ടീയം ദുരൂഹമായ ഏതെല്ലാമോ ചളികുണ്ടുകളിലാണ്‌ അളിഞ്ഞ്‌ പുളയുന്നത്‌ എന്നത്‌ വാര്‍ത്തയാവാറില്ല.

തെരുവുകളില്‍ പരസ്‌പരം ചെളിവാരിയെറിഞ്ഞ്‌, തെറിപറഞ്ഞ്‌ പോരടിക്കുന്ന അനുയായികളെ കുത്തി മരിക്കാന്‍ വിട്ട്‌, അങ്ങ്‌ തിരുവനന്തപുരത്ത്‌ നേതാക്കള്‍ തോളോടുതോളുരുമ്മി ജനതയെ വഞ്ചിക്കുന്ന ചില പിന്നാമ്പുറകഥകളെങ്കിലും മലയാളി അറിയുന്നത്‌ അങ്ങിനെ ചിലരുടെ പ്രവര്‍ത്തനഫലമായാണ്‌.

കേരളരാഷ്ടീയത്തിലെ ഭീഷ്‌മാചാര്യന്‍ കെ.കരുണാകരനുമായി ബന്ധപ്പെട്ട കഥകളൊക്കെ, രാഷ്ട്രീയ നെറികേടുകളൊക്കെ എതിര്‍കക്ഷികള്‍ക്ക്‌ അറിയാമായിരുന്നിട്ടും നവാബ്‌ രാജേന്ദ്രന്‍ എന്ന ഒറ്റയാന്‍ വേണ്ടിവന്നില്ലേ, കുറച്ചു കാലമെങ്കിലും അദ്ദേഹത്തെ പിടിച്ചു ശരശയ്യയില്‍ കിടത്താന്‍. കുഞ്ഞാലിക്കഥകള്‍ മലയാളി ആദ്യമറിയുന്നത്‌ ക്രൈം നന്ദകുമാറിലൂടേയല്ലേ. അതു മുതലാണ്‌ എല്‍.ഡി.എഫ്‌.-യുഡിഎഫ്‌ ആഭിചാര ക്രിയകളെക്കുറിച്ച്‌ നാട്ടാരറിഞ്ഞു തുടങ്ങിയത്‌. ഇനി മൂന്നാം കക്ഷിയായ ബിജെപിക്കാര്‍ക്ക്‌ അവസരം കിട്ടിയാല്‍ മുട്ടിലിഴഞ്ഞിവര്‍ ഐക്യം പ്രകടിപ്പിക്കും.

എന്നാല്‍ ക്രൈം നന്ദകുമാര്‍ ഒര്‌ ഒറ്റയാനാണെന്ന്‌ പെട്ടെന്നാര്‍ക്കും പറയാന്‍ പറ്റില്ല. നെറികേടുകളും നീതികേടുകളും കണ്ടു മടുത്ത ചില ബ്യൂറോക്രാറ്റുകളും ചില പോലീസ്‌ ഉദ്യോഗസ്ഥന്‍മാരും ചില വക്കീലന്‍മാരും ചില രാഷ്ട്രീയക്കാരും എങ്ങിനെയെങ്കിലും ചില സത്യങ്ങള്‍ വിളിച്ചു പറയാന്‍ കൊതിച്ചിരുന്നു. അവരെയൊക്കെ നന്ദകുമാര്‍ എന്ന പഴയ സഖാവ്‌ ഉപയോഗപ്പെടുത്തി. എന്തിന്‌്‌ ഇപ്പോള്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന ലവ്‌ലിന്‍ കേസില്‍ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനും കൂട്ടര്‍ക്കും എതിരെ പൊതു താല്‍പര്യ കേസു കൊടുക്കാനുള്ള വകയും വകുപ്പും ഉണ്ടാക്കിക്കൊടുത്തത്‌ പോളിറ്റ്‌ബ്യൂറോ അംഗമായിരുന്ന ബാലാനന്ദനായിരുന്നു എന്നൊരു ഏറ്റു പറച്ചില്‍ ഈയിടെ നടന്നിരുന്നു. (പണ്ട്‌ മാര്‍ക്‌സ്‌ പറഞ്ഞ 'ആന്തരിക വൈരുദ്ധ്യം' എന്നത്‌ ഇതാണാവോ ?)

എന്തായാലും വിപ്ലവ വായാടികളേക്കാള്‍ നന്ദകുമാറും നവാബ്‌ രാജേന്ദ്രനും കേരളീയ പൊതു സമൂഹത്തിന്‌ മോശമല്ലാത്ത സംഭാവനകളാണ്‌ നല്‍കിയിരിക്കുന്നത്‌ എന്ന കാര്യം ചരിത്രം പറയട്ടെ. നമമുടെ നാട്‌ എത്ര മാത്രം കെട്ടു പോയെന്ന കാര്യമെങ്കിലും ക്രൈമിലൂടെയും നന്ദകുമാറിലൂടേയും നാട്ടാരറിഞ്ഞിരുന്നു. ഒരു ബദല്‍ മാധ്യമം പോലെ അതു ചില അല്‍ഭുത വാര്‍ത്തകളുമായി ജനങ്ങളുടെ മുന്നിലെത്തി. മുന്‍നിര മാധ്യമങ്ങള്‍ അതിന്റെ നിഴല്‍ പറ്റി നിവൃത്തിയില്ലാതെ പലതും വാര്‍ത്തയാക്കി.

അവിശുദ്ധ സഖ്യങ്ങളുടെ അതിഭാവുകത ഏറെ പ്രകടമാവുന്ന ഒന്നായി മാറുന്ന കേരളരാഷ്ടീയത്തില്‍ പൊതുജനങ്ങളെ വെറും കഴുതകളാക്കി ഇവര്‍ കളിക്കുന്ന കളികളൊക്കെ ഇനിയും പുറത്തു വരാനിരിക്കുന്നതേയുള്ളു. പഞ്ചായത്ത്‌ ഭരണ സംവിധാനങ്ങളില്‍ തുടങ്ങി ചങ്ങലയായി കിടക്കുന്ന ഈ ജനവിരുദ്ധ-അഴിമതിക്കഥകള്‍ വെറുതെ ഒന്നു കണ്ണോടിച്ചാല്‍ വ്യക്തമാകാവുന്നതേയുള്ളു.

പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിക്കോ, എന്‍.ജി.ഒ. യൂണിയന്‍ സെക്രട്ടറിക്കോ ഒന്നു കറക്കിയാല്‍ ഭൂലോകമലയാള ഭരണമേഘലയിലെ സകലമാന രേഖകളുടേയും ഫാക്‌സ്‌ ഫയല്‍ നമ്പറടക്കം മുന്നിലെത്തുന്ന, പ്രസിദ്ധബ്ലോഗറും രാഷ്ട്രീയ നിരീക്ഷകനും അച്ചടിമാധ്യമ പ്രഭുവുമായ ശ്രീ ശ്രീ സ ഖ. മാരീചന്‍ അവര്‍കളുടെ പുതിയ പോസ്‌റ്റും (ലാവലിന്‍ കേസിലെ ഇയാഗോ!! ) ആ ഒരു പശ്ചാത്തലത്തില്‍ വേണം വായിച്ചെടുക്കാന്‍

ഒരു കേഡര്‍ പാര്‍ട്ടിയായ സിപിഎമ്മിന്റെ നേതൃ നിരയിലെത്തിപ്പെട്ട ശര്‍മ്മയേക്കാള്‍ സ: മാരീചന്‌ സ്വീകാര്യനാവുന്നത്‌ ജി. കാര്‍ത്തീകേയനും, "പാവം" കടവൂര്‍ ശിവദാസനുമാണത്രെ. അതുകൊണ്ടാണല്ലൊ മഹാനായ മുന്‍ മന്ത്രി ജി. കാര്‍ത്തികേയന്റെ ലേഖനം ദേശാഭിമാനിയില്‍ അമിത പ്രാധാന്യത്തോടെ ഈയിടെ പ്രത്യക്ഷപ്പെട്ടത്‌. കാറല്‍ മാര്‍ക്‌സിനെ മറന്നാലും ഇവര്‍ക്ക്‌ കാര്‍ത്തികേയനെ മറക്കാനൊക്കുമോ. വലിയൊരു അവസരമായിരുന്നില്ലെ ഇഷ്ടന്‍ ഒരുക്കി വെച്ചത്‌.

ഉന്നതമായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി മാര്‍ഗ്ഗങ്ങളുടെ വിശുദ്ധി തിരയരുതെന്ന കമ്മ്യൂണിസ്റ്റ്‌ സമീപന രീതിയുടെ നിഴല്‍ പറ്റി പണം നേടാനായി ഏത്‌ അവിശുദ്ധ കൂട്ടും ആവാമെന്ന തരത്തില്‍ അധ:പതിച്ചുപോയ ഒരാള്‍കൂട്ടമായി ചില മാര്‍ക്‌സിസ്‌റ്റുകളെങ്കിലും മാറി എന്നത്‌ ഏറെ ദയനീയമാണ്‌.

കമ്മ്യൂണിസ്റ്റ്‌ ബോധം വെച്ച്‌ ലോട്ടറി എന്ന ചൂതാട്ടത്തിനെതിരേയും, എ.ഡി.ബി.ക്കെതിരേയും, ഭൂമാഫിയകള്‍ക്കെതിരേയും, പെണ്‍വാണിഭക്കാര്‍ക്കെതിരേയും, കയ്യേറ്റക്കാര്‍ക്കെതിരേയും, യുഡിഎഫ്‌-പിണറായി അഴിമതികള്‍ക്കെതിരേയും ഘോര ഘോരം മുഷ്ടി ചുരുട്ടിയ വി.എസ്‌.അച്യൂതാന്ദന്‍ സഖാവ്‌ പറഞ്ഞതൊക്കെ വിഴുങ്ങി, പത്തി മടക്കി, പാര്‍ട്ടിക്ക്‌ മുമ്പില്‍ ഓച്ചാനിച്ച സ്ഥിതിക്ക്‌. മാരീചന്റേയും കൂട്ടരുടേയും അഭ്യര്‍ത്ഥന മാനിച്ച്‌ മലയാളികള്‍ ഒന്നടങ്കം ക്രൈം നന്ദകുമാറിനെ പോലുള്ളവരെ മുഖ്യമന്ത്രി കസേരയില്‍ ഇരുത്തി പരീക്ഷണം നടത്തണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.